Tuesday, July 28, 2009

ഇതുകൊണ്ടൊന്നും തീരുന്നില്ല ഇബ്രായി………..





എന്‍റെ ഗുരുനാഥനും പരിസ്തിതി പ്രവര്‍ത്തകനും സുഹ്രത്തും ഒക്കെയായ ശോഭീന്ദ്രന്‍ മാഷ് ദുബായില്‍ വന്ന സമയം
എന്‍റെ ചങാതിമാരെ പറ്റിചോദിച്ചപ്പോള്‍എനിക്ക് കാണിക്കാന്‍
തോന്നിയത് ഇബ്രായിയെ.
മാഷിനും ഇഷ്ടമായി ഇബ്രായിയെ
ആര്‍ക്കും ഇഷ്ടമാകും ഇബ്രായിയെ.
അതാണ് ഇബ്രായി എന്നു ഞാന്‍ വിളിക്കുന്ന ഇബ്രാഹിം.

കാസറഗോഡ് ജന്മനാട് എന്നാല്‍ ദുബായ് നയിഫ് റോഡ് ജീവിതകേന്ദ്രം
ചുരുങിയ കാലത്തെ ഈ ഈ ഒളിവ് ജീവിതത്തില്‍
ദിവസവും കാണുന്നു.
പലരും കയറിയിറഞിപ്പോകുന്ന ജീവിതത്തിരക്കില്‍ ചിലര്‍മാത്രം നമുടെ
ജീവിതത്തിലേക്ക് വേരുകളാഴ്ത്തുന്നു, ചിലരെ മാത്രം നാമതിന്നനുവദിക്കുന്നു എന്നതാണ്ശരി.
ആ ശരികളില്‍ ഒന്നാണ് ഇബ്രാഹിം എന്ന ഇബ്രായി.

ഭാഗ്യത്തിന്,ഇബ്രായി ബുദ്ധിജീവിയോ സാഹിത്യകാരനോ അല്ല.

എന്താണ് ഇബ്രായിയും ഞാനും തമ്മിലുള്ള ബന്ധത്തിന്‍റെ പൊരുള്‍ എന്ന് വ്യക്തമായി പറയുവാന്‍ എനിക്കാവില്ല.എന്നാല്‍ എനിക്കും ഇബ്രായിക്കും തമ്മില്‍ എവിടെയോ ഒരു പൊരുത്തമുണ്ട്.അതെന്താണെന്ന് എനിക്ക് ഇപ്പോഴും പിടികിട്ടിയിട്ടില്ല,ചിലപ്പോള്‍ ഇബ്രായിക്ക് പിടികിട്ടിക്കാണുമായിരിക്കും.

മൂന്ന് വര്‍ഷങള്‍ക്ക് മുബാണ് ഇബ്രായിയെപ്പറ്റി എന്നോട് മാധ്യമ സുഹ്രുത്തായ
സാദിക് കാവില്‍ പറയുന്നത്.ഇബ്രായിനെപറ്റിയല്ല സുബൈര്‍ എന്ന വ്രക്ക രോഗിയുടെ കദനകഥയാണ്സാദിക് പറഞ്ഞത്,സുബൈറിനെപ്പറ്റി ഒരു വാര്‍ത്ത കൊടുക്കുവാന്‍ കഴിഞ്ഞാല്‍ അത് അയാള്‍ക്കൊരു സഹായമായിരിക്കും എന്നാണ് സാദിക് ഉദ്ദേശിച്ചത്.

സുബൈറിനെ കാണുവാനുള്ള വഴിയായിരുന്നു എനിക്കപ്പോള്‍ ഇബ്രായി.
ദേരയിലെ നായിഫ് റോഡിലുള്ള ഒരു ഹോട്ടലില്‍ സുബൈറിനെ തമ്സിപ്പിച്ചിരിക്കുന്ന ഒരു സംരക്ഷകനാണ് ഇബ്രായി എന്നാണ് സാദിക് പറഞ്ഞിരുന്നത്.ഒരു സംരക്ഷകന്‍ എന്ന ചിത്രവുമായി ദേരയിലെ ഹോട്ടല്‍ കണ്ടുപിടിച്ചുചെന്നപ്പോള്‍ ഞാന്‍ കണ്ടത്.തലയില്‍ തൊപ്പിവെച്ച കറുത്ത് മെലിഞ്ഞ ഒരു പയ്യന്‍ രൂപമുള്ള ചുറുപ്പക്കാരനെ.ഇതണോ സാദിക് പറഞ്ഞ സംരക്ഷകന്‍? ഒറ്റനോട്ടത്തില്‍ ഇയാളെത്തന്നെ സംരക്ഷിക്കാന്‍ വേറെ ആളുവേണ്ടിവരുന്ന രൂപം.എന്നാല്‍ അടുത്തറിഞ്ഞപ്പോഴല്ലേ മനസ്സിലാവുന്നത്,ഒരു സുബൈറിനെ മാത്രമല്ല അനേകം സുബൈറുമാരെ താമസം ഭക്ഷണം മരുന്ന് സ്നേഹം തുടങി എല്ലാം യഥാവിധി നല്കാന്‍ ജീവിതം മാറ്റിവെച്ച ഒരു വലിയ ഹ്രുദയം ആ കൊച്ചു ശരീരത്തിനുള്ളില്‍ ഒളിച്ചുവെച്ചിട്ടുണ്ടെന്ന്.

പത്തിരുപത് വര്‍ഷം ഗല്‍ഫില്‍ ജോലിചെയ്തെങ്കിലുംആഴ്ചയിലൊരിക്കല്‍ ഡയാലിസിസ് വേണ്ടിവരുന്ന വ്രുക്കരോഗം മാത്രം സബാദ്യമായി കിട്ടിയ ,ഭാര്യയും വീട്ടുകാരും കൈയ്യൊഴിഞ്ഞ സുബൈറിന് ദുബായില്‍ ശൈഖാ മറിയത്തിന്‍റെ കാരുണ്യത്തില്‍ സൌജന്യമായി ഡയാലിസിസ് സൌകര്യം നല്‍കുന്ന ആശുപത്രി മാത്രമായി ശരണം.സുഹ്രുത് സൌജന്യമായി നല്‍കിയ വിസയില്‍ ദുബായിലെത്തി,ഇബ്രായിയുടെ ഉല്‍സാഹത്തില്‍ ഒമാനിയായ ഹോട്ടലുടമ സുബൈറിന്ന് തമസിക്കാനിടം നല്കി,വിലകൂടിയ മരുന്നുകള്‍,ഭക്ഷണം എന്നിവക്കായി ഈജിപ്റ്റ്കാരനായ് മനേജരടക്കം മറ്റനേകം മനുഷ്യ സ്നേഹികളെയും ഇബ്രായി കണ്ടെത്തുന്നു.രോഗത്തോട് മല്ലടിക്കുന്നസുബൈറിനേക്കാളും രോഗിയെ പരിചരിക്കുന്ന ഇബ്രായി എന്‍റെ മനസ്സില്‍ കുടിയേറിയതില്‍ അതിശയമില്ല.
ഇത് ഒരു സുബൈറിന്‍റെ മാത്രം കാര്യത്തിലല്ല, ദയ അര്‍ഹിക്കുന്ന ഏതൊരാള്‍ക്കും ഇബ്രായി തുണയുണ്ട്


ഇബ്രായി താമസിക്കുന്ന ഹോട്ടലിലെ കൊച്ചുമുറിയില്‍ എത്തിയപ്പൊഴാണ് ഇതുകോണ്ടോന്നും തീരുന്നില്ല ഇബ്രായി എന്നു മനസ്സിലായത്.
കട്ടിലിന്നടിയില്‍നിന്നും ഇബ്രായി തന്‍റെ സകാര്യസബാദ്യങള്‍ എന്നെ കാണിച്ചുതന്നപ്പോള്‍ ഞാന്‍ അബരന്നു.ദുബായില്‍ സബന്നന്‍മാര്‍ നിരവധിയുണെങ്കിലും ഏറ്റവും കൂടുതല്‍ കറന്‍സികളുടെയും നാണയങളുടെയും ഉടമയാണ് ഇബ്രായി എന്നെനിക്ക് ബൊധ്യമായത് അപ്പോഴാണ്.

കേരളത്തിലെ ഏറ്റവും പുരാതനമായ ഓട്ടമുക്കാല്‍ മുതല്‍ ലോകത്തിലെ ഒട്ടുമിക്ക രജ്യങളിലേയും അത്യപൂര്‍വ്വങളായ നാണയങളും കറന്‍സികളും തുടങി വിചിത്രങളും അപൂര്‍വ്വങളുമായ കൌതുകവസ്തുക്കള്‍ ഇബ്രായിയുടെ ശേഖരത്തിലുണ്ട്.കുട്ടിക്കാലം മുതലുള്ള ശീലം ദുബായിലെത്തിയപ്പോഴും കൈവിട്ടില്ലെന്നുമാത്രം .ശാസ്ത്രീയമായി അവയൊന്നും ഒരുക്കൂട്ടിയില്ല,കാരണം ഗിന്നസ് ബുക്കില്‍ ഇടംതേടുകയല്ല ഇബ്രായിയുടെ ലക്ഷ്യം.ഒരു ചരിത്രകൌതുകത്തിന്‍റെ പേരില്‍ ശേഖരിക്കുക , അത് വരുംതലമുറക്ക് ഉപകാരപ്പെടുമെങ്കില്‍ നല്ലത്- ഇതാണ് ഇബ്രായിയുടെ ഒരു ലൈന്‍.

കേട്ടറിവിന്‍റെ അടിസ്ഥാനതില്‍ മൈലുകളോളം നടന്നും കൈവശമുള്ള നാണയം പകരംകൊടുത്തും ഇബ്രായി വിശന്നും വിയര്‍ത്തും സ്വരൂപിച്ചതാണവ.
ഇബ്രായിയുടേ താത്പര്യങറിയുന്ന ഒമാനിയായ ഹോട്ടലുടമ വിദേശ സര്‍ക്കീട്ട് കഴിഞുവരുമ്ബോള്‍ ഇബ്രായിക്കായി സമാഹരിച്ച നല്‍കുന്ന നോട്ടൂകള്‍,നാണയങള്‍,ഹോട്ടലില്‍ താമസിക്കാന്‍ വരുന്ന വിവിധരജ്യക്കാരുമായി ഇബ്രായി സ്ഥാപിച്ചെടുത്ത സൌഹ്രദം കൊണ്ടുവരുന്ന കറന്‍സികള്‍,
ഇബ്രായിയുടെ പിരാന്ത്(നല്ല അര്‍ത്തില്‍) മനസ്സിലാക്കുന്ന ചങാതിമാര്‍ നല്‍കുന്നവ. ……
താമസിച്ചില്ല എന്നിലെ മാധ്യമപ്രവര്‍ത്തകന്ന് അതും ഒരു സ്റ്റോറിയായി

പക്ഷെ ഒന്നോരണ്ടോ സ്റ്റോറികള്‍ കൊണ്ടു തീരുന്നതായില്ല ഇബ്രായിയും ഞാനുമയുള്ള തുടര്‍ബന്ധം. ദേരഭാഗത്തെവിടെയെങ്കിലും ജോലിയൂണ്ടെങ്കില്‍
ഉച്ചഭക്ഷണം കഴിഞ്ഞ് അല്‍പം വിശ്രമിക്കണമെന്ന് തോന്നിയാല്‍ ഇബ്രായിയുടെ കുടുസ്സ് മുറി യാണെന്‍റെ താവളം.അവിടത്തെ ഏറ്റവും വലിയ സൌകര്യം അവിടെ
മൊബൈല്‍ റേന്ച് കിട്ടില്ല എന്നതാണ്.
ആ നേരം വിളിക്കുന്ന ഭാര്യക്കറിയാം ഞാന്‍ ഇബ്രായുയുടെ മുറിയില്‍ സുഖമായി മയങുകയായിരിക്കുമെന്ന്

എന്‍റെ സഹതാമസക്കാരനായിരുന്ന ഡോ നജീബും ഒരു നാണയ ശേഖരനായിരുന്നു.ഞാന്‍ ഇബ്രായിയെ പരിചയപ്പെടുത്തിയപ്പോള്‍ അവര്‍തമ്മിലും വളര്‍ന്നുവന്നു ഒരു നാണയകൈമാറ്റ ബന്ധം. ഇബ്രായിയുടേ യഥാര്‍ത നാണയപ്രണയം കണ്ട് താന്‍ ഈ പണി നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ച് കൈവശമുള്ള നാണയശേഖരം മുഴുവന്‍ ഇബ്രയിക്ക് കൊടുക്കുവാന്‍ ഡോ.നജീബ് തീരുമാനിച്ചതില്‍ യാതൊരത്ഭുതവും എനിക്ക് തോന്നിയില്ല.

നാണയങളും കറന്സികളും മത്രമല്ല ഇബ്രായിയുടെ ശെഖരത്തിലുള്ളത്.പല കാലങളില്‍ വന്ന പത്ര വാര്‍തകള്‍,ചിത്രങള്‍, പ്രചീന കലാസ്രഷ്ടികള്‍.
ഉപയോഗശൂന്യമായെന്ന് കരുതി മനുഷ്യര്‍ ഉപേക്ഷിക്കുന്ന വസ്തുക്കള്‍ ലൈറ്റിന്‍റെ ഷൈഡായും, പക്ഷികളോ പൂബാറ്റകളോ മനോഹരമായ കലാരൂപങളായോ ഇബ്രായി
പരിവര്‍ത്തിപ്പിക്കും.പക്ഷെ ഇതെല്ലാം തന്‍റെ തുശ്ചവരുമാനതില്‍ നിന്നാണ് ഇബ്രായി ഒപ്പിച്ചുടുക്കുന്നത്.ഇങിനെ പോര ഇബ്രായി നമുക്കോരു പ്രദര്‍ശനം നടത്തണം എന്ന
എന്‍റെയുംമറ്റും നിര്‍ബന്ധം കണക്കിലേടുത്ത് ഇബ്രായി തന്‍റെ ശേഖരങളുടെ ഒരു പ്രദര്‍ശനം വെച്ചു.
കടുത്ത ഇസ്ലാം മതവിശ്വാസിയാണ് ഇബ്രായി,
സുന്നി വിഭാഗം.തൊപ്പി തലയില്‍ നിന്നും ഊരിയ ചരിത്രമില്ല, നോബിലും നിസ്ക്കാരത്തിലും കടുകിട മാറ്റമില്ല.
വളരെ ദേരയിലെ ഇടുങിയ സുന്നി ആസ്ഥാനാത്ത് ഉദ്ഘാടകനായി ഇബ്രായി എന്നെ വിളിച്ചു.കുടുംബസമേതം അവിടെയെത്തിയ ഞങളെക്കണ്ട് തൊപ്പിധാരികള്‍ ആദ്യമൊന്ന് അബരന്നിരിക്കണം കാരണം സ്ത്രീകളായി മറ്റാരും അവിടെയുണ്ടായിരുന്നില്ല.അപ്പോഴേക്കും ഇബ്രായിയുടെ അടുത്ത സുഹ്രുത്തായി മാറിക്കഴിഞ്ഞിരുന്ന ഡോ.നജീബ്, സാദിക് കാവില്‍ മാധ്യമ പ്രവര്‍ത്തകന്‍ അബ്ബാസ് തുടങി നിരവധിപേര്‍ ആശംസയര്‍പ്പിക്കാനെത്തിയിരുന്നു.

ഇതുകോണ്ടോന്നും തീരുന്നില്ല ഇബ്രായി.

നല്ലൊരു വാര്‍ത്ത ഉറവിടന്‍(News source) കൂടിയാണ് ഇബ്രായി.ദേര ഭാഗത്ത് തീപിടുത്തമാവട്ടെ,വാഹനപകടമാവട്ടെ,മരണമാവട്ടെ ഏത് പാതിരാത്രിയിലും ഇബ്രായിയ്ടെ ഫോണ്‍വരും.പാതിരാവില്‍ ഞാന്‍ പ്രവേശനം അനുവദിച്ച ചുരുക്കം ചില ഫോണുകളിലൊന്നാണ് ഇബ്രായിയുടേത്.

ഇതുകൊണ്ടും തീരുന്നില്ല ഇബ്രായി





വാര്‍ത്തകള്‍ തരുന്നതിനല്ലാതെയും ഇബ്രായി വിളിക്കും അത് മറ്റൊരു കാര്യത്തിനാണ്.

ഇബ്രായിയെ സ്നെഹിക്കുന്നവര്‍ ധാരാളമുണ്ട്.അവര്‍ ഇബ്രായിക്ക് പല സമ്മാനങളും നല്കും സ്വകാര്യസബാദനത്തില്‍ അശേഷം താത്പര്യമില്ലാത്ത ഇബ്രായി അപ്പോള്‍ തനിക്ക് വേണ്ടപ്പെട്ടവര്‍ക്ക് എത്ര നിര്‍ബന്ധപൂര്‍വ്വം വേണ്ടെന്നുപറഞ്ഞാലും ഇബ്രായി അത് നല്കിയിരിക്കും.ബാച്ചിലര്‍ ജിവിതം അവസാനിപ്പിച്ച് കുടുബത്തെ കൊണ്ടുവന്നപ്പോള്‍ ഇബ്രായി ഒരു സെറ്റ് പാത്രങളുമായെത്തി.ഭക്ഷണം ചൂടാറതെ വെക്കാനുള്ള casorol കള്‍.
“’ഇങക്ക് ഇത് വേണ്ടിവരും...’’ ഇന്നും ഞങളുടെ ഭക്ഷണമേശയില്‍ ആഹാരം ചൂടാറാതെ ഇരുക്കുന്നുണ്ടെങ്കില്‍ അതിനുത്തരവാദി ഇബ്രായി തന്നെ.
,മറ്റൊരിക്കല്‍ വീട്ടില്‍ എലിശല്യം പെരുകി,പല രീതികളും പരീക്ഷിച്ചു പരജയമടഞിരിക്കുബോള്‍ അതാവരുന്നു ഇബ്രായിയുടെ വക എലിക്കെണി.ഇന്നും എന്‍റെ വീട്ടില്‍ എലിയില്ലാത്തതിന് കാരണം ഇബ്രായിയു ടെ എലിക്കെണിതന്നെ.
മറ്റൊരിക്കല്‍ ഇബ്രായി വരുന്നു.കൈയ്യില്‍ ഒരു വലിയ കൂട നിറയെ പലവിധ പഴങള്‍.അല്‍ അയിനിലുള്ള ജ്യേഷ്ടന്‍റെ പഴക്കടയില്‍ നിന്നും കോണ്ടുവന്ന അപൂര്‍വ്വങളായ പഴങള്‍....ഇതെന്തിനാണ് ഇബ്രായി എന്നു ചോദിച്ചാല്‍ ‘’ങ്ളെ കുട്ടികള്‍ ഇതൊന്നും തിന്നിറ്റുണ്ടാവില്ല ‘’എന്നതായിരിക്കും മറുപടീ.
ഇബ്രായിയുടെ സമ്മാനങള്‍ അപ്രതീക്ഷിതങളായ അത്ഭുതങളായാണ് ഭവിക്കുക.ചിലപ്പോള്‍ എന്‍റെ ഭാര്യക്കായി മനോഹരമായ ഒരു കുല പ്ലാസ്റ്റിക് പൂക്കളായിട്ടായിരിക്കും

അല്ലെങ്കില്‍ സുഹ്രുത്തായ വസ്ത്രകയ്റ്റുമതിക്കാരന്‍
സമ്മാനമായി നല്‍കിയ ഒരു കൂട്ടം കുഞ്ഞുടുപ്പുകള്‍.നിര്‍ഭാഗ്യത്തിന്‍ അതെല്ലാംതന്നെ കുഞ്ഞുടുപ്പുകളായിരുന്നു.എന്‍റെ കുട്ടികള്‍ക്കിതൊന്നും പാകമാവില്ലെന്നറിയിച്ചപ്പോള്‍ പാകമാവുന്ന കുഞ്ഞുങള്‍ക്കര്‍ക്കെങ്കിലും കൊടുത്തുകൊള്ളാനായിരുന്നു ഇബ്രായിയുടെ നിര്‍ദ്ദേശം.തനിക്ക് ലഭിക്കുന്ന സമ്മാനങള്‍ തനിക്ക് അവകാശപ്പെട്ടതല്ലെന്നും അത് മറ്റുള്ളവര്‍ക്കെത്തിക്കുന്ന ഒരു വാഹകന്‍ മാത്രമാണ് താന്‍ എന്ന
ഒരു സൂഫിലൈനാണ് ഇബ്രായിയുടേതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

അതിന്‍റെ ഉദാത്തമായ പ്രതീകമായി ഒരിക്കല്‍
ആരോ സമ്മാനിച്ച ഒരു ആഫ്രിക്കന്‍
ഓയില്‍ പെയിന്‍ടിങ് എനിക്ക് തന്നെ തരണമെന്ന് ഇബ്രായിക്ക് നിര്‍ബന്ധം.ആട്ടിന്‍കുട്ടിയെ മാറോട് ചേര്‍ത്ത് നില്കുന്ന കറുത്ത് കുട്ടിയെ വരച്ച ആഫ്രിക്കന്‍
അഞാതചിത്രകാരനെ എനിക്കറിയില്ല എന്നാല്‍ എന്‍ടെ സ്വീകരണമുറിയെ ദീപ്തമാക്കുന്ന ഈ ചിത്രം പ്രതിഫലങള്‍ക്ക് വേണ്ടിമാത്രം

അന്യനെ സ്നേഹിക്കുന്നതായി ഭാവിക്കുകയും അവാര്‍ഡിന്നും പുരസ്കാരങള്‍ക്കുമായി ജീവകാരുണ്യം കൊട്ടിഘോഷിക്കുകയും ചെയ്യുന്ന മണല്‍ നഗരത്തിലെ മായാമനുഷ്യര്‍ക്കിടയില്‍
വറ്റാത്ത കാരുണ്യത്തിന്‍റെ മൂശയില്‍ തീര്‍ത്ത രണ്ടുവശങളില്ലാത്തതും
അപൂര്‍വ്വ ചരുതയാര്‍ന്നതുമായ
ഒരു നാണയംപോലെ ഇബ്രായിയുടെ സാന്നിധ്യം വിളിച്ചറിയിക്കുന്നു.

എന്നാല്‍
ഇതുകൊണ്ടും തീരുന്നില്ല ഇബ്രായി………..

(സുഹ്രത്ത് ശിഹാബുദ്ദീന്‍ പൊയ്തുംകടവിന്‍റെ നിര്‍ബന്ധം പ്രമാണിച്ച് മിഡില്‍ ഈസ്റ്റ് ചന്ദ്രിക മാസികക്ക് വേണ്ടി ഉണ്ടാക്കിയത്)

No comments: