Sunday, November 15, 2009

KERALA CAFÉ- BRIDGES TO REALITIES


കേരളാ കഫേ വെറുമൊരു കാപ്പിക്കടയല്ല.

അവാര്‍ഡ് പടത്തിനൊരു ഫോര്‍മുല കച്ചവട സിനിമയ്ക്ക് മറ്റൊരു ഫോര്‍മുല എന്ന് വേര്‍തിരിവുണ്ടാക്കി , കയ്യിലിരിപ്പിന്‍റേയും ഉമ്മിണി വലിയ വായ്ത്താരികളുടേയും പിന്‍ബലത്തില്‍ , തങ്ങളുണ്ടാക്കുന്ന ചരിത്രാവശിഷ്ടങ്ങളുടെ തിരുശേഷിപ്പുകള്‍ക്ക് അവാര്‍ഡുകള്‍ സംഘടിപ്പിക്കുകയോ, അത് കിട്ടാതെ വന്നാല്‍ സങ്കടപ്പെടുകയോ ചെയ്യുന്നവരോട്, ’’ദേ, ഇതൊന്ന് കണ്ടിട്ട് പോവാം,ഒരു കാപ്പിയും കുടിക്കാം’’ എന്ന് സധൈര്യം പറായാന്‍ ‍കഴിയുന്ന, വര്‍ത്തമാനകാല മലയാളി ജീവിതത്തിന്‍റെ പത്തു മുഖങ്ങളാണ് കേരളാ കഫേയിലെ വിഭവങ്ങള്‍.

അബുദാബിയില്‍ നടന്ന മിഡില്‍ ഈസ്റ്റ് ഫിലിം ഫെസ്റ്റിവലില്‍ മലയാളത്തില്‍ നിന്നുള്ള ഒരേയൊരു പ്രാതിനിധ്യമായി എത്തിയ കേരള കഫേ കാണുവാന്‍ ഭാഷാവ്യത്യാസമില്ലാത്ത ജനക്കൂട്ടമാണുണ്ടായിരുന്നത്. പത്ത് സംവിധായകര്‍; അതില്‍ ‍പ്രശസ്തരോ അപ്രശസ്തരോ ഉണ്ടാവാം.. ഒരു കാര്യത്തില്‍ അവര്‍ ഒന്നാണ്; പ്രാഗല്‍‌ഭ്യത്തിന്റെ കാര്യത്തില്‍. സിനിമയോടുള്ള പ്രണയം മനസ്സില്‍ സൂക്ഷിക്കുകയും വയറ്റുപ്പിഴപ്പിന്‍റെ നിര്‍ബന്ധങ്ങളാല്‍ വിപണിക്ക് സമരസപ്പെടുകയും ചെയ്യേണ്ടിവന്നവരുടെ സര്‍ഗ്ഗാത്മകതയുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായാണ് കേരള കഫേയിലെ സിനിമകളെ കാണാന്‍ കഴിയുക. പിഴവുകളും പാളിച്ചകളുമല്ല ഇവിടെ വിശകലനം ചെയ്യേണ്ടതെന്നെനിക്ക് തോന്നുന്നു. മറിച്ച്, ഇത്തരത്തിലൊരു ആകാശം ഇവര്‍ക്ക് ലഭ്യമാക്കിയ
ആലോചനയെ, അത് മുന്നോട്ടുവെക്കുന്ന കൂട്ടായ്മയെ അഭിനന്ദിക്കുകയാണ് വേണ്ടത്.

വിപണി നിശ്ചയിക്കുന്ന ചട്ടക്കൂടുകള്‍, അനുരഞ്ജനങ്ങള്‍, ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ , ലാഭ നഷ്ടങ്ങള്‍ ഇതെല്ലാം നിരന്ന ചതുരംഗപലക പോലെയാണ് വന്‍ മൂലധനത്തിലൂന്നിയുള്ള സിനിമയുടെ ആവിഷ്കാര പരിസരം. അതിശയോക്തിയുടെ കടുത്ത ചായക്കൂട്ടുകള്‍കൊണ്ട് യാഥാര്‍ത്ഥ്യത്തെ മറയ്ക്കുവാനോ പെരുപ്പിക്കുവാനോ സിനിമ തിരക്ക് കൂട്ടുമ്പോള്‍ പ്രേക്ഷകന്‍ വിഡ്ഡികളാക്കപ്പെടുന്നത് പതിവു കാഴ്ചയാണ് ..ഒരു ഉദാഹരണത്തിന്; സിനിമയിലെ കോടതി രംഗം തന്നെ നോക്കാം.ഏതെങ്കിലും കേസില്‍പ്പെട്ടു പോയ ഏത് മലയാളിക്കുമറിയാം കോടതിക്കാര്യങ്ങള്‍ !...ഒരു നിസ്സാര കേസില്‍പ്പോലും മാസങ്ങളും കൊല്ലങ്ങളും കഴിഞ്ഞാണ് വിധി വരിക.എന്നാല്‍ നമ്മുടെ സിനിമയില്‍ ഒറ്റയടിക്കു തന്നെ പുലിപോലെ ചീറുന്ന വക്കീല്‍മാരെയും അന്നുതന്നെ വിധി പ്രഖ്യാപനം നടത്തുന്ന ന്യായാധിപനെയുമൊക്കെ കാണുമ്പോള്‍‍ പ്രേക്ഷകര്‍ക്കെന്നപോലെ ഈ സിനിമയുണ്ടാക്കുന്ന സംവിധായകനുമറിയാം ഇത് ശരിയല്ലെന്ന്, എന്നാല്‍ മാര്‍ക്കറ്റിലേക്കയക്കുന്ന ഉല്‍പ്പന്നത്തിന്‍റെ വിപണനത്തിന് ഈ അരുതായം ചെയ്തേ പറ്റൂ . ഈ ഒരു സംഘര്‍ഷം കലാകാരനെന്ന നിലക്കുള്ള അയാളുടെ ഔചിത്വത്തെ പരിഹസിക്കുന്നതിന്‍റെ മനോവേദന അയാള്‍തന്നെ അനുഭവിക്കുന്നുണ്ടാവണം.,അതുകൊണ്ടാണ് ഈ തിരച്ചറിവുകളോടുള്ള സന്ധിയാല്ലാ
പ്രഖ്യാപനമായി കേരളാ കഫെയിലെ നേര്‍ക്കാഴ്ചകള്‍ മാറുന്നത്.

ഹ്രസ്വചിത്രങ്ങളുടെ മുത്തപ്പനായ Roberto Enrico യുടെ An incident at Owl Creek Bridge തുടങ്ങിയ ക്ലാസിക്കുകള്‍ ഓര്‍മ്മിച്ചു കൊണ്ടുതന്നെ പറയാം, നല്ല സിനിമ യാഥാര്‍ഥ്യത്തെ പ്രകാശിപ്പിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുമെങ്കില്‍ കേരളാ കഫെയെ ആ ഗണത്തില്‍പെടുത്താനാണ് ഞാനാഗ്രഹിക്കുക. ഇതില്‍ , ആദ്യ കാഴ്‌ചയില്‍‌ത്തന്നെ "ഞാന്‍ ‍നിന്നെ കെട്ടിക്കോട്ടെ ‘’എന്ന് ചോദിക്കുന്ന വളച്ചുകെട്ടില്ലാത്ത പ്രണയമുണ്ട്; Lady Gregory യുടെ Rising of the Moon എന്ന പ്രശസ്തമായ ഐറിഷ് നാടകത്തിലെ അമ്മയെ നിഷ്പ്രഭമാക്കാന്‍പോന്ന- ഒരിക്കലും വരാത്ത മകനെയും കപ്പലിനെയും കാത്തിരിക്കുന്ന കടപുഴകിയ മാതൃത്വമുണ്ട്. ഗള്‍ഫ് മലയാളികളൂടെ പൊങ്ങച്ചവും സ്വാര്‍‍ത്ഥതയും അല്‍പ്പത്തവും കപടനാട്യവുമുണ്ട്. ബാധ്യതകളുടെ പെരുങ്കടലില്‍ ‍‍ ആത്മഹത്യമാത്രം അഭയമെന്ന് കരുതിപ്പോകുന്ന ഇടത്തരക്കാരന്‍റെ ജീവിതവും, സാമ്പത്തിക മാന്ദ്യത്തിന്‍റെ മധ്യവര്‍ഗ്ഗ പ്രതിനിധിയുമുണ്ട്. ആജ്ഞേയാസക്തികളുടെ സംഗീതികയില്‍ ഹോമിക്കപ്പെട്ട യൌവ്വനമുണ്ട്; പാറമടകളിലെ പരുക്കന്‍ ജീവിതങ്ങളില്‍ നിന്നും കാമലീലകള്‍ക്കായി വില്‍ക്കപ്പെടുന്ന ബാലികമാരുടേയും അവരുടെ അമ്മമാരുടേയും കനല്‍കണ്ണീരുണ്ട്. അതേസമയം നവകന്യകമാരുടെ ചെറുത്തുനില്‍‍പ്പിന്‍റെ അതിമനോഹരമായ, എന്നാല്‍ തീയില്‍പ്പൊതിഞ്ഞ, ചിരിയുണ്ട്. തെരുവ് പട്ടി നക്കിനോക്കുന്ന മില്ല്യണയര്‍‍മാരുടെ ആധുനിക കാലത്തെ തട്ടിപ്പും വെട്ടിപ്പുമുണ്ട്. നീയെനിക്ക് മകനും ഭര്‍ത്താവും തന്നെയെന്ന് പറയുന്ന സ്ത്രീത്വത്തിനു മുന്‍പില്‍ രക്തം ചിന്തി പ്രാണന്‍ വെടിയുന്ന കാമുകനുണ്ട്. പ്രണയകാല വ്യഥയുമായി മധ്യവയസ്സ് കടക്കുന്നവന്‍ പുറംകാഴ്‌ചകളില്‍ കാണുന്ന പുതുമരം മണക്കുന്ന ശവപ്പെട്ടിയുണ്ട്. ഇരുമ്പുപാളങ്ങളില്‍ കൂട്ടബലിക്കിരയായിത്തീര്‍ന്ന പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവന്റെ ഏകാന്തതയുണ്ട്..
--ജീവിതം ഇതൊക്കെയാണെടോ എന്ന് വളരെ ലളിതമായി, നാട്യങ്ങളേതുമില്ലാതെ പറഞ്ഞുവയ്ക്കുകയാണ് പത്തു സംവിധായകര്‍ കേരളാ കഫേയില്‍.


മുഴുനീള സിനിമകളുടെ യുക്തിയില്ലായ്മയെ തീര്‍ത്തും മാറ്റിനിര്‍ത്തിയുള്ള ആവിഷ്കാരമാണ് അധികം പേരും സ്വീകരിച്ചിരിക്കുന്നത് എന്നതുകൊണ്ടുതന്നെ സംവേദനത്തിന്‍റെ കാര്യത്തില്‍ യാതൊരു അധിക ബാദ്ധ്യതയും ഈ സിനിമകള്‍ പ്രേക്ഷകനില്‍ അടിച്ചേല്‍പ്പിക്കുന്നില്ല. പറയുവാന്‍ ഒരു കാര്യം, പറഞ്ഞുവെക്കാന്‍ ഒരു ചലച്ചിത്രഭാഷ അത്രതന്നെ. മുഴുനീള സിനിമകള്‍ ആവശ്യപ്പെടുന്ന ചതുരങ്ങളും പിരിയന്‍ കോവണികളും ഇവരെ ബാധിക്കുന്നതേയില്ല എന്നത് ഒരത്ഭുതമായി നില്‍ക്കുന്നു. ഫോര്‍മുല എന്നൊക്കെ പറയുന്നതിനെ പുല്ലുവിലയായി കാണുന്ന ഒരു തരം ചങ്കുറപ്പ്.

ആര്‍.വേണുഗോപാലിന്റെ കവിതയെ അടിസ്ഥാനപ്പെടുത്തി, മൂര്‍ച്ചയേറിയ സാമൂഹ്യവിമര്‍ശത്തിലൂന്നിയ, പത്മകുമാറിന്‍റെ 'Nostalgia’ ഗള്‍ഫ് മലയാളിയുടെ അല്പത്തത്തിന്‍റേയും സ്വാര്‍ത്ഥതയുടേയും, ഗ്രഹാതുരത്വം എന്ന കപടനാട്യത്തിന്റേയും, തൊലിയാണ് പൊളിച്ചുകളയുന്നത്. ദിലീപും നവ്യാനായരും സുധീഷും ഇവിടെ ഗള്‍ഫ് മലയാളിയുടെ ജീവിതത്തിലെ വേറിട്ട കാഴചയല്ലാതാവുന്നു.

മറ്റുള്ള ഒമ്പതു പേര്‍ക്കുമൊപ്പം, തന്‍റെതായ ദൃശ്യഭാഷയാല്‍ , പെരുമണ്‍ ദുരന്തത്തിലൂന്നിയ Island Express, ശങ്കര്‍ രാമക്രഷ്ണന്‍ എന്ന നവാഗതന്‍ മനസ്സില്‍തട്ടുന്ന ചിത്രമാക്കി.


യുക്തിയെ പിന്തുടരുന്ന രീതിയാണ് ഒമ്പത് സിനിമകളിലെങ്കില്‍ അയുക്തിയുടെ ലോകത്തേക്കാണ് ഉദയ അനന്തന്‍ എന്ന സംവിധയകന്‍ തന്‍റെ മൃത്യുഞ്ജയവുമായി എത്തുന്നത്.കേരളീയ മനസ്സിന്‍റെ അടിത്തട്ടില്‍ ഇന്നും വേവാതെ വേവുന്ന ഭാവനകളുടെ ഭയപ്പെടുത്തുന്ന നിലാവുണ്ട്. അവിടെ യുക്തിക്ക് സ്ഥാനമില്ല. എന്നാല്‍ അത് ഒരു ചെറു സിനിമയാക്കുമ്പോള്‍ ആഖ്യാനത്തിന്റേതായ യുക്തി ആവശ്യവുമാണ്. യുക്തിയില്ലായ്മയുടേതായ ഒരു മാന്ത്രികലോകം സ്രഷ്ടിച്ച് അതില്‍ പ്രണയമെന്ന യുക്തിയില്‍ ഒരു ഒറ്റവരി കവിതയാക്കുകയാണ് ഉദയ് അനന്തന്‍ മൃത്യുഞ്ജയത്തെ. ഹരി നായരുടെ ഛായാഗ്രഹണ വിരുതാണ് ഈ ചിത്രത്തിന്‍റെ കാതല്‍. രൌദ്ര ചലനങ്ങളാല്‍ ഇരുട്ടിന്‍റേയും നിശബ്ദതയുടെയും താളത്താല്‍ സംവിധയകന്റെ ഈ ഒറ്റവരിക്കവിതയെ സംഗീതസാന്ദ്രമാക്കുകയാണ് ഹരി നായര്‍.

വില്‍പ്പനയുടെ ദൃശ്യഭാഷ നന്നായറിയുന്ന ഷാജി കൈലാസിന്‍റെ കൈത്തഴക്കാമാര്‍ന്ന ആംഗിളുകളേക്കാള്‍ ആഴംകൂടിയ, എന്നാല്‍ അളന്നു മുറിച്ച സംഭാഷണങ്ങള്‍, സുരേഷ് ഗോപി,ജ്യോതിര്‍മയി, എന്നിവരുടെ അഭിനയത്തിലെ മിതത്വം എന്നിവ കൊണ്ട്‌ ഒരു ഭാവഗീതംപോലെ മനോഹരമായി, ലളിതം ഹിരണ്‍മയം.

ഗഹനമായതും എന്നാല്‍ ലോകത്തെയാകെ പിടിച്ചുലക്കുന്നതുമായ സാമ്പത്തിക മാന്ദ്യം , ലളിതവും സുതാര്യവുമായി, മധ്യവര്‍ഗ്ഗ ജീവിതത്തിന്‍റെ ശൂന്യവും ദുസ്സഹവുമായ ഒരൊഴിഞ്ഞ വീട്ടില്‍‍ നിറയുന്ന ആത്മഹത്യയുടെ മണമെന്ന പോല്‍, ഒരു നെടുവീര്‍പ്പില്‍ അലിഞ്ഞുതീരുന്നതിന്റെ ചാരുതയാണ്, ബി.ഉണ്ണിക്രഷണന്‍റെ അവിരാമം പ്രേക്ഷകനില്‍ അവശേഷിപ്പിക്കുന്നത് .

രേവതിയുടെ സിനിമക്ക് തിരക്കഥയൊരുക്കിയത് ദീദി ദാമോദരന്‍ . രണ്ട് പെണ്ണുങ്ങള്‍ ഒരുക്കിയ 'മകള്‍'. ജീവിതത്തെ നെടുകെ പിളര്‍ക്കുന്ന ദാരിദ്ര്യം; അതിന്റെ പാറമടകളില്‍ പെറ്റുകൂട്ടുന്ന പെണ്‍ജന്മങ്ങള്‍.. ഭീകരമായൊരു സ്വപ്നം പോലെ, പ്രേക്ഷകരെ വേട്ടയാടുന്ന ഒരു ചോരവീണ മയില്‍പ്പീലിയാണ്, ഈ പെണ്‍ കൂട്ടുകെട്ട് ഒരുക്കിയെടുത്ത മകള്‍. നെഞ്ഞുരുക്കുന്ന അഭിനയമാണ് ഇതിലെ അമ്മയായി വേഷമിട്ട, ലണ്ടന്‍ തിയറ്റര്‍ ഗ്രൂപ്പിലെ, അര്‍ച്ചന കാഴ്‌ചവയ്ക്കുന്നത്. മൌനത്തിലാണ്ടുപോയ മയില്‍പ്പീലി ( ഇതിലെ പെണ്‍കുട്ടിയെ അങ്ങനെ വിളിക്കാമെന്നു തോന്നുന്നു) യെയും അവരുടെ കുടുംബാംഗങ്ങളേയും ഒരു ഡോക്യുമെന്ററി സിനിമയിലേതെന്ന് തോന്നിപ്പിക്കുന്ന കാസ്റ്റിംഗിലൂടെ, ഫിക്‌ഷനായി പോകുമായിരുന്ന ഒരു കഥയെ, പൊള്ളുന്ന ഒരു നേര്‍ക്കാഴ്ചയാക്കി ഉയര്‍ത്താന്‍ രേവതിക്ക് കഴിഞ്ഞു. ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ പറയാന്‍ അതിശയഭാഷകള്‍ വേണ്ടെന്ന് ദീദിയും രേവതിയും മകളിലൂടെ സമര്‍ത്ഥിക്കുന്നു.

കനത്ത മഴ...ഉണങ്ങാനിട്ടിരിക്കുന്ന, പ്രേതരൂപികളായി കാറ്റിലുറഞ്ഞാടുന്ന, അലക്കിയ തുണികള്‍….കപ്പലേറ്റിക്കൊണ്ടുപോകുവാനായി, എന്നോ മരിച്ചുപോയ, മകന്‍ ‍വരുന്നതും കാത്തിരിക്കുന്ന വാര്‍ദ്ധക്യം കടപുഴക്കിയ മാതൃത്വം... ലാറ്റിനമേരിക്കന്‍ സിനിമകളുടെ ദൃശ്യഭംഗിയെ അതിശയിപ്പിക്കുന്ന ഷോട്ടുകളൊരുക്കിയ സുരേഷ് രാജന്‍ . അന്‍വര്‍ റഷീദിന്‍റെ BRIDGE തീവ്രമായൊരനുഭവമാകുന്നത് അതിന്‍റെ പരിചരണമികവുകൊണ്ടു തന്നെയാണ്.
അലക്കുകാരനും ഭാര്യയും കിടക്കപ്പായില്‍ ഉരുവിടുന്ന വാക്കുകളും മൌനവും മഴയും ഒരു ഭാഗത്ത്; ഉപേക്ഷിക്കപ്പെടുന്ന പൂച്ചക്കുഞ്ഞും അതുമൂലം രോഗാതുരനായിപ്പോകുന്ന സ്കൂള്‍കുട്ടിയും മഴയുടെ മറുവശത്ത്. പുറമ്പോക്കില്‍ പാഴ് ജന്മങ്ങള്‍ തിരഞ്ഞുതീരുന്ന ഒരച്ഛനും ജനത്തിരക്കില്‍ അമ്മയെ ഉപേക്ഷിച്ചു കടന്നുകളയേണ്ടിവന്ന മകനും – കണ്ണീര്‍ മഴയില്‍
സംവിധായകന്‍ വാര്‍ക്കുന്ന പാലമേതാണ്? കേരളാ കഫെയുടെ പിന്നാമ്പുറത്തെവിടെയോ, ഉപേക്ഷിക്കപ്പെട്ട പാഴ്ജന്മങ്ങള്‍ തമ്മില്‍ ചേരുന്നതു കാണുമ്പോള്‍ , സിനിമാശാല നിശബ്ദതയുടെ കടലായി മാറുകയായിരുന്നു. കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട ശാന്തേടത്തി ഇതുവരെ അവതരിപ്പിച്ചതില്‍ ഏറ്റവും മികച്ച വേഷം ഈ ഹ്രസ്വചിത്രത്തിലെ പ്രകടനമായിരിക്കും. അതുപോലെ‍ ഒരു ഭീകരനാണ് സലിം കുമാര്‍ ; പ്രേക്ഷകന്റെ കണ്ണീരുകടയുന്ന കാര്യത്തില്‍! നിത്യജീവിത ദുരിതങ്ങളുടെ തോരാമഴയത്ത് കിടക്കപ്പൊറുതി തരാത്ത ഭാര്യയോട് പ്രേക്ഷകനു വെറുപ്പാണ് തോന്നേണ്ടത്; എന്നാല്‍ അനുകമ്പയാണ് കല്‍പനയുടെ മിതത്വമാര്‍ന്ന അഭിനയം നേടിയെടുത്തത്. BRIDGE എന്ന ഹ്രസ്വ ചിത്രം നല്‍കുന്ന ദ്രശ്യചാരുതക്ക് ഒരു ഭാഷയുണ്ടെങ്കില്‍ അതിനെ ആര്‍ദ്രത എന്ന് വിളിക്കാം . വേലക്കാരി മറിയച്ചേടത്തിയുടെ തിരഞ്ഞെടുപ്പ് മുതല്‍ സിനിമാശാലയില്‍ നിന്നിറങ്ങിവരുന്ന സലിംകുമാറിന്‍റെ തകിടം മറിഞ്ഞ മനസികനിലയെ ബോധപൂര്‍വ്വം ക്യാമറയുടെ അപഥ സഞ്ചാരമാക്കി മാറ്റിയതടക്കം, ചലച്ചിത്ര ഭാഷ കൈകാര്യം ചെയ്യുന്നതില്‍ , തനൊരു ഭയങ്കരനാണെന്ന് സംവിധായകന്‍ അന്‍വര്‍ ‍റഷീദ് സ്ഥാപിക്കുന്നു.

കേരളാ കഫേ വെറും ദുരിതങ്ങളുടേയും വേദനകളുടേയും വില്‍പ്പനശാലയാണോ?..
ഇതു മാത്രമാണോ നമുക്ക് ചുറ്റിലുമുള്ളത്? വരട്ടെ, അഭിപ്രായം പറയാന്‍ വരട്ടെ.

ഏറണാകുളം-കോഴിക്കോട് റൂട്ടിലോടുന്ന ബസ്സില്‍ ഒരു പത്തൊന്‍പതുകാരി ഇരിപ്പുണ്ട്. അടുത്ത സീറ്റ് കാലിയാണെന്ന് കരുതി ഓടിച്ചെന്നിരിക്കാനോ അവളെ വളക്കാനോ നോക്കണ്ട, പുലിയാണവള്‍... കടിക്കുകയോ മാന്തുകയോ ഒന്നും ചെയ്യില്ലെങ്കിലും അവളൊരു പുലിയാണ്; കാരണം അവളൂടെ കയ്യിലുള്ളത് ബോംബാണ്. തന്നെയും തന്നോടൊപ്പം ബസ്സിലുള്ള മുഴുവന്‍ പേരേയും ചുട്ടു ചാമ്പലാക്കുവാന്‍ തന്‍റെ പഴഞ്ചന്‍ മൊബൈല്‍ ഫോണിലൊന്ന് വിരലമര്‍ത്തിയാല്‍ മതി അവള്‍ക്ക്‌ . എന്തിനും ഒരുമ്പെട്ടിറങ്ങിയതാണവള്‍; തീവ്രവാദി! ആകാംക്ഷയുടെ മുള്‍മുനയിലാണ് ഇനിയുള്ള ദൂരം ഈ ബസ്സ് ഓടുക. അതിനാല്‍ പൊട്ടാന്‍പോകുന്ന ബോംബിന്‍റെ പിന്നിലെ രഹസ്യം അങ്ങനെയിരിക്കട്ടെ. അളന്നു മുറിച്ച ചലനങ്ങള്‍, കൃത്യമായ സംഭാഷണങ്ങള്‍.. ഒരു ചെക്കോവിയന്‍ ചെറുകഥയുടെ കൈയ്യടക്കം പോലെ, വശ്യം, മനോഹരം, ഈ പെണ്‍ സ്പര്‍ശം. അഞ്‌ജലീ മേനോന്‍റെ Happy journey കേരളത്തിലെ മാറുന്ന പെണ്‍കുട്ടിയുടെ ധീരമായ മുഖമാണ് നമുക്ക് കാണിച്ചു തരുന്നത്. അതെ, പുതിയ പെണ്‍കുട്ടികളുടെ കയ്യില്‍ ബോംബുകളുണ്ട്, സൂക്ഷിക്കുക; സീറ്റ് മാറിയിരിക്കുക.

ഇപ്പോള്‍ തിയറ്ററില്‍ ഉയരുന്ന കരഘോഷം ഈ പെണ്‍കുട്ടിക്കുള്ളതാണ്.

അടുത്തിരിക്കുന്ന ആള്‍ ചോദിച്ചു: അടുത്തത് ആരുടെ പടം?
ഞാന്‍ പറഞ്ഞു: ശ്യാമപ്രസാദിന്‍റെ.
ഉടന്‍ അയാള്‍ മുന്‍വിധിയെഴുതി: ഓ, സീരിയസ്സായിരിക്കും!

ആദ്യ സീനില്‍ത്തന്നെ പ്രേക്ഷകര്‍ പൊട്ടിച്ചിരിച്ചപ്പോള്‍ അയാള്‍ അമ്പരന്നു. ഹവ്വാ ബീച്ചില്‍ തലപൂഴ്ത്തി ശീര്‍ഷാസനത്തില്‍ നില്‍ക്കുന്നത് മില്ല്യണയര്‍ ; അയാളെ നക്കി നോക്കുന്നത് സ്ലം ഡോഗ് (സാക്ഷാല്‍ കൊടിച്ചി പട്ടിതന്നെ)! ഗ്രാഫിക്സിന്‍റെ പുത്തന്‍ സാദ്ധ്യതകള്‍ സന്നിവേശിപ്പിച്ച് ആദ്യ ഫ്രെയിമില്‍ത്തന്നെ പ്രേക്ഷകനെ കുടുക്കിയിട്ടു കളഞ്ഞു സംവിധായകന്‍ ‍. അഴകപ്പന്റെ അഴകേറിയ ഫ്രെയിമുകളുടെ അവിരാമമായ ചലനങ്ങള്‍, എഡിറ്റിംഗിലെ തിരമാല വേഗം, മലയാളികളെപ്പോലെ അഭിനയിക്കുന്ന സായിപ്പും മദാമ്മയും.
സായിപ്പിനെപ്പോലും തോല്‍പ്പിക്കുന്നതാവട്ടെ, തൊമ്മിക്കുഞ്ഞെന്ന സുരാജ് വെഞ്ഞാറമ്മൂട്! സാമ്പത്തിക മാന്ദ്യം സായിപ്പിനെ കേരളത്തില്‍ ജോലിയന്വേഷിച്ചുവരുന്ന അവസ്ഥയിലെത്തിച്ചെന്ന് ഹാസ്യത്തില്‍ പറഞ്ഞുതീര്‍ക്കുന്ന ശ്യാം, വലിയ കാര്യങ്ങള്‍ ദേ ഇങ്ങനേയും പറയാം, എന്ന് ബോധ്യപ്പെടുത്തുകയാണ് Off Season എന്ന ചിത്രത്തിലൂടെ. ശ്യാമപ്രസാദിന്‍റെ കയ്യൊപ്പ് അതുകൊണ്ടുതന്നെ കൂട്ടത്തില്‍ വേറിട്ട അനുഭവമായി.

അപ്പോഴേക്കും അടുത്തയാള്‍ കേരളാ കഫെയിലെത്തി.
മധ്യവയസ്സ് കഴിഞ്ഞ രൂപം ,പഴയ ജോലിസ്ഥലവും അതുണര്‍ത്തുന്ന പ്രണയാര്‍ദ്രമായ ഓര്‍മ്മകളുമായി അയാള്‍ ‍(ശ്രീനിവാസനാണ് ശ്രീനിവാസനാവാതെ ഈ വേഷംഅഭിനയിച്ചത്) യാത്രയാവുകയാണ്, പുറം കാഴ്ചകളിലേക്ക്..മലമ്പാതകള്‍ ചുറ്റിപ്പോകുന്ന ബസ്സില്‍‌ത്തന്നെ, സമയം കൂടുതലെടുത്തായാലും, പോയാല്‍ മതി, അയാള്‍ക്ക്; കാരണം, അയാള്‍ക്ക് തിരക്കില്ല, അയാള്‍ക്കെന്നല്ല,പലര്‍ക്കും തിരക്കില്ല. പുറം കാഴ്ചകളുടെ ഹരിതാഭയും വെള്ളച്ചാട്ടങ്ങളുടെ ഭംഗിയുമൊക്കെ ആസ്വദിച്ച് യാത്ര
ചെയ്യുവാനാണ് എല്ലാവര്‍ക്കുമിഷ്ടം. കൂട്ടത്തിലെ കുസൃതികളായ യുവതീ യുവാക്കള്‍ക്കും ഇതൊരു ഉല്ലാസ യാത്രയാണ് എന്ന് കരുതിയിരിക്കുമ്പോഴാണ്, അതിനെയെല്ലാം മാറ്റി മറിച്ച് തിരക്കുള്ള ഒരാളെത്തുന്നത്. റോഡുകളിലൂടെ വളഞ്ഞു പുളഞ്ഞും ഇടക്ക് നിര്‍ത്തി കാപ്പി കുടിച്ചും തമാശിച്ചും സമയം കളയുന്നവര്‍ക്കെതിരെ അയാള്‍ തട്ടിക്കയറി. എല്ലാവര്‍ക്കും തമാശകള്‍ അവസനിപ്പിക്കേണ്ടിവന്നു. കാരണം അയാള്‍ അത്രക്ക് ബോറനാണെന്നവര്‍ക്ക് തോന്നിയിരിക്കാം. അതെ, അയാള്‍ക്ക് ധൃതിയുണ്ടായിരുന്നു; മുടിഞ്ഞ ധൃതി.. സി.വി.ശ്രീരാമന്‍റെ കഥയെ അടിസ്ഥാനപ്പെടുത്തി ലാല്‍ ജോസ് സംവിധാനം ചെയ്ത വേറിട്ട കാഴ്ചകള്‍ വല്ലാത്തൊരു മൂടല്‍ മഞ്ഞാണ് മനസ്സിലവശേഷിപ്പിക്കുക. വേറിട്ട കാഴചകള്‍ എല്ലാ അര്‍ത്ഥത്തിലും വേറിട്ട ഒരനുഭവമായി. പറഞ്ഞുവയ്ക്കാത്ത ചിലതു കൂടി വായിച്ചെടുക്കാന്‍ പ്രേക്ഷകനെ നിര്‍ബന്ധിക്കുന്ന ഇതിന്‍റെ സംവിധാന മികവ് വേറിട്ട കാഴ്ചകള്‍ക്കൊരു മൂന്നാം മാനം നല്‍കാന്‍ ശ്രമിക്കുന്നുണ്ട്. ഒരു കടങ്കഥ പോലെ...ഒരു ഭഗ്നപ്രണയത്തിന്‍റെ ചിതലരിക്കാത്ത ശവപ്പെട്ടിപോലെ..

പൊടുന്നനെ സിനിമ തീര്‍ന്നു.
അടുത്ത സീറ്റിലിരിക്കുന്ന മലയാളിക്ക് സംശയം: മമ്മൂട്ടിയല്ലേ, ഇപ്പോള്‍ ബസ്സിലുണ്ടായിരുന്നത്?
ഞാന്‍ പറഞ്ഞു: അതെ, എന്തേ?
അല്ല , കൂട്ടത്തിലൊരാളെപ്പോലെ തോന്നിച്ചു.

മലയാളത്തിലെ അഭിനേതാക്കള്‍ ഒന്നടങ്കം അണിനിരന്ന് വേറെയും സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ ഒരെയൊരു ലക്ഷ്യം കച്ചവടം മാത്രമായിരുന്നതിനാല്‍ കേരളാ കഫേയിലിരുന്ന് ചര്‍ച്ച ചേയ്യേണ്ട വിഷയമല്ലാതായി ആ സിനിമ. കേരളാ കഫേയില്‍ കാപ്പികുടിക്കാന്‍ വരുന്നവരെപ്പോലെ സമന്മാരാണ് ഇതിലെ നടീനടന്മാര്‍.; എല്ലാവര്‍ക്കും മനുഷ്യമുഖങ്ങള്‍ മാത്രം. അതു തന്നെയാണ്‌ ഇതിലെ പത്തു ചിത്രങ്ങളേയും വ്യത്യസ്തമാക്കുന്നത്. പത്തു സിനിമകള്‍ , പത്തു പ്രമേയങ്ങള്‍ , പത്ത്‌ ആവിഷ്കാരങ്ങള്‍- പാളങ്ങളില്‍ നിന്നും പാളങ്ങളിലേക്ക് മാറുന്ന തീവണ്ടിച്ചക്രങ്ങള്‍ പോലെ; എന്നാല്‍ എല്ലാം ചെല്ലുന്നത് ഒരു ദിശയിലേക്ക്- കേരളം എന്ന യാഥാര്‍ത്ഥ്യത്തിലേക്ക്.

യാഥാര്‍ത്ഥ്യത്തിന്റെ ഈ പത്തു മുഖങ്ങള്‍ വിളക്കി ചേര്‍ക്കുവാനായി ഒരാളിരുപ്പുണ്ട്.;രഞ്ജിത്ത്. പ്രമേയങ്ങളുടെ വ്യത്യസ്തതയും പരിചരണത്തിലെ പാകതയും സമന്വയിപ്പിക്കുക എന്ന കര്‍ത്തവ്യമാണ് രഞ്ജിത്ത് ഇവിടെ ചെയ്യുന്നത്. പത്ത് ചിത്രങ്ങളിലേയും കഥാപാത്രങ്ങള്‍ കയറിയുമിറങ്ങിയും കേരളാ കഫേയെ സജീവമാക്കണമെന്നതിലുപരി വാണിജ്യസിനിമയുടെ വക്താക്കളെന്ന് മുദ്രകുത്തപ്പെട്ടവരേയും അല്ലാത്തവരേയും ഒരുമിച്ചു നിര്‍ത്തി ,പ്രേക്ഷകന്‍റെ മാറുന്ന അഭിരുചികള്‍ തിരിച്ചറിയുവാനും ചലച്ചിത്രഭാഷയുടെ സാദ്ധ്യത ഫലപ്രദമായി ഉപയോഗപ്പടുത്തുവാനും ധൈര്യം കാണിച്ച ഒരാള്‍ എന്ന നിലയ്ക്കും രഞ്ജിത്ത് അഭിനന്ദനമര്‍ഹിക്കുന്നുണ്ട്.

കേരളാ കഫേയില്‍ നിന്നും തുറക്കുന്ന ജാലകം കേരളത്തിലെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചാണെങ്കിലും ലോക സിനിമയുടെ വിശാലമായ ഒരാകാശം തങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന് ഇതിലെ ചില സിനിമകളെങ്കിലും തെളിയിക്കുമെന്നുറപ്പാണ്.
ഹ്രസ്വചിത്രത്തിന്‍റെ പരിമിതികള്‍, മലയാളി പ്രേക്ഷകന്‍റെ മുന്‍വിധികള്‍ക്ക്‌ ഇട നല്‍കുന്ന അഭിനേതാക്കളുടെ കാസ്റ്റിംഗ്, ഫ്രെയിം ഭംഗിയില്‍ അമിതമായി അഭിരമിച്ചു പോകുന്ന സന്ദര്‍ഭങ്ങള്‍ , ചെറുകഥകളോടുള്ള സാഹോദര്യത്തില്‍ മറന്നുപോകുന്നതും എന്നാല്‍ ഒരു ഹ്രസ്വചിത്രം നല്‍കേണ്ടതുമായ ധ്വനിസാന്ദ്രതയുടെ അഭാവം.....ഇങ്ങനെ ചില മുടന്തന്‍ വിമര്‍ശങ്ങള്‍ ഇതിലെ ചില ചിത്രങ്ങളെ മുന്‍നിര്‍ത്തി പറയാമെങ്കിലും ആകത്തുകയില്‍ ‍(in totality) ഇതൊന്നും ഒരു വിഷയമല്ല തന്നെ.

നോബേല്‍ ജേതാവ് ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസിന്‍റെ Strange Pilgrims എന്ന ചെറുകഥാ സമഹാരം ഓര്‍ത്തു പോവുകയാണ്. വ്യത്യസ്ത കാലങ്ങളില്‍ അദ്ദേഹം എഴുതിയ പതിമൂന്ന് ചെറുകഥകള്‍ ഒരൊറ്റ ശ്രേണിയില്‍ കോര്‍ത്തിണക്കിയ ആ പുസ്തകം, ഒരു ചെറുകഥാ സമാഹരത്തിന്‍റെ പരിമിതിയെ മറികടന്ന്, ഒന്ന് മറ്റൊന്നിന്‍റെ തുടര്‍ച്ചയായി വളരുന്ന രീതിയില്‍ , ഒറ്റ കാതലില്‍ പണിതീര്‍ത്ത ഒരു ലാറ്റിനമേരിക്കന്‍ ജീവിത വൃക്ഷമായി വളരുകയാണ്. ഇതില്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും ഒരൊറ്റ ചരടില്‍ കോര്‍ത്തിരിക്കുന്നു. യൂറോപ്പിലെ വ്യത്യസ്ത ഭാഗങ്ങളില്‍ കഴിയുന്ന ലാറ്റിനമേരിക്കക്കാരുടെ പ്രശ്നങ്ങാളാണ്‌ എല്ലാ കഥകളെയും തമ്മില്‍ വിളക്കിച്ചേര്‍ക്കുന്ന കണ്ണിയെന്ന് ആമുഖത്തില്‍ മാര്‍കേസ് വ്യക്തമാക്കുന്നുണ്ട്. മാര്‍കേസിന്റെ മഹത്തായ കൃതിയുമായുള്ള താരതമ്യമല്ല പറഞ്ഞു വരുന്നത്. പ്രമേയങ്ങള്‍ വ്യത്യസ്തമാകുമ്പോഴും അവയെ വിളക്കി ചേര്‍ക്കുന്ന ഒരു പൊതു വസ്തുത ഉണ്ടായിരിക്കണം എന്നാണ്. കേരളാ കഫേ ആ അര്‍ത്ഥത്തില്‍ കേരള യാഥാര്‍ത്ഥ്യത്തിന്‍റെ പൊതുഭൂമികയിലാണ് കൊരുത്തിട്ടിരിക്കുന്നത്.

ആദ്യ സിനിമ പിടിക്കുമ്പോള്‍ വെച്ച ഫ്രെയിമില്‍ത്തന്നെ ദശാബ്ദങള്‍ കഴിഞ്ഞും, ഉറഞ്ഞുപോയപോല്‍ , അഭിരമിച്ചുകൊണ്ടേയിരിക്കുന്ന മലയാളത്തിലെ സിനിമാ മാഷന്മാര്‍ ‍(Masters of Film ) കാലവും കരവിരുതും മാറിയത് കാണാന്‍ കേരളാ കഫേയിലൊന്നു കയറുന്നത് നന്നായിരിക്കും.

അതെ, അതുകൊണ്ടാണ് ഞാന്‍ ആദ്യമേ പറഞ്ഞത്
കേരള കഫേ ഒരു വെറും കാപ്പിക്കടയല്ല എന്ന്.

13 comments:

Moideen Koya K.K said...

Yes indeed! Kerala Cafe is a great job and it portraits a potential possibility of greatest works from Malayalam Film Industry with collective efforts of real creative people. I have shared the same experiences while I have been witnessing it's world premiere at Abudhabi Film Festival. Joyetta, your observations are 100% true and genuine regarding this film. Keep it up!

albert said...

A clear vision from a true genius. Keep on reviewing films so that we can view films at random.

ഗി said...

dear joy sir,

it is a different, good film. i agree.

yet, this film is not the first anthology in the world. ram gopal varma has done it thousand times enough to make us go sick of them.

i really dont think it is a great film,
in the history of world cinema of in the history of malayalam cinema.

except anwar rasheed, no one seems to know and master the language of film making.
sadly, malayalam film is still learning to visualise scripts.

more than being happy that in this film, mammootty acted as a normal man, i am sad about why is he still acting as a youngster in all the other films.

why do we have a tendency to exaggerate things if it malayalam?
i think this exactly is why malayalam film/sahityam wont grow.

it is just a good film. we havent seen a good malayalam film for a long time, so this one gives you a chance to sigh, oh we are all not yet dead.
there is hope.

and,
according to me,
nothing more.

Joy Mathew said...

GI
I agree with you in many times and I didnt said it is the first in the history of world cinema,but the attempt,which we should have to appreciate even if it is a failure....attempts are important than goals.iam I right? I dont know

ഗി said...

yes, i agree with you totally..
that an attempt should be appreciated.

but what made you talk this way is
how your review doesnt say single bad thing about the film..
it definetely is not a total error free film.

Joy Mathew said...

gi
u r mistaken,I have mentioned the limitiations and demertis of a few in my review,u can find these lines in my review
....ഹ്രസ്വചിത്രത്തിന്‍റെ പരിമിതികള്‍, മലയാളി പ്രേക്ഷകന്‍റെ മുന്‍വിധികള്‍ക്ക്‌ ഇട നല്‍കുന്ന അഭിനേതാക്കളുടെ കാസ്റ്റിംഗ്, ഫ്രെയിം ഭംഗിയില്‍ അമിതമായി അഭിരമിച്ചു പോകുന്ന സന്ദര്‍ഭങ്ങള്‍ , ചെറുകഥകളോടുള്ള സാഹോദര്യത്തില്‍ മറന്നുപോകുന്നതും എന്നാല്‍ ഒരു ഹ്രസ്വചിത്രം നല്‍കേണ്ടതുമായ ധ്വനിസാന്ദ്രതയുടെ അഭാവം....
and again I rpeat that this films are not classics but the attmept...

ഗി said...

it is the over all feeling after reading this article i was talking about.
the way you have written about each film..
anyways,

love.

Vijayan said...

Dear Joy Mathew,
After a very long time , I could read a well written movie review.Only someone with deep knowledge on all aspects of film making, theatre, the limitations and status of Malayalam literature and Malayalam cinema could have come out with such a clinical analysis of the movie. Your depth of knowledge and very genuine expressions and a very objective , but yet critical as and when necessary approach made it a very readable review and also a good learning process for an any aspiring film critic.Would definitely like to read more of what you have written elsewhere too.. warm regards, Vijayan

Joy Mathew said...

thanks for your comment,I hereby sending you another link posted in my blog last year.just for reading with the freedom to disagree
----regards
ചേരിയിലെ ചൊക്ലിപ്പട്ടി ആരെയാണ്‍ കടിക്കുന്നത്?- Slum Dog Millionaire http://joymathew.blogspot.com/2009/03/slum-dog-millionaire.html

ചാരുദത്തന്‍‌ said...

It's a momentous review, Joy. We must hail this attempt!

Sapna Anu B.George said...

Everyone seems to be calling you Joyetta means you could be older than me, Great to meet you,greet you and read you in blog world.

Joy Mathew said...

yes sapna,I am much older than all...I have crossed 98 this year...but you can call me joy...joy has no age

ദാസന്‍ കൂഴക്കോട് said...

dear joy eta,
yes it is . KErala cafe is a totaly diffrent movie which was created by Ranji ettan for the sake of art. each of the stries differ from others and is completly connected with current social set up.