Friday, August 21, 2009

ഒരു വീട്ടാക്കടത്തിന്‍റെ ഓര്‍മ്മയ്ക്ക്..Bharath Murali ---Memorries of things past-
കാലം 1980-81.
സ്ഥലം കോഴിക്കോട് ഗവണ്‍‌മെന്റ് ആര്‍‌ട്സ് ആന്‍ഡ് സയന്‍സ് കോളേജ്. ബിരുദ വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ സജീവ ഇടതു തീവ്ര വിദ്യാര്‍ത്ഥി പ്രസ്ഥാനവുമായി കെട്ടിമറിയുന്ന കാലം.
രാഷ്ട്രീയത്തിന് കേരള വിപ്ലവ വിദ്യാര്‍ഥി സംഘടന, സാംസ്കാരിക പ്രവര്‍ത്തനത്തിന് പ്രതികരണവേദി, ക്യാമ്പസ് തിയറ്റര്‍ പ്രവര്‍ത്തനത്തിന് സര്‍‌ഗ എന്നൊരു സംഘടന. പ്രേംചന്ദ്, എ.സജീവന്‍, സോമനാഥന്‍ ‍,മധു ശങ്കര്‍ (ഇപ്പോള്‍ ഇവരെല്ലാം വിവിധ പത്ര സ്ഥാപനങ്ങളില്‍ ജോലി ചെയ്തു വരുന്നു), പിന്നീട് സലിം അലിയുടെ കൂടെക്കൂടിയ പക്ഷി ശാസ്ത്രജ്ഞന്‍ രാമചന്ദ്രന്‍ ,മാമ്പറ്റയിലെ സുരേഷ്, അച്ചന്‍ എന്നു വിളിക്കുന്ന സത്യനാഥന്‍ , ‍ഒരു തെളിവും നല്‍കാതെ നാടുവിട്ടെങ്ങോ പോയ വിവേക് , പോസ്റ്റര്‍ വര ചക്രവര്‍ത്തി വയനാട്ടുകാരന്‍ പവിത്രന്‍ ,ഷാജി , മത്തായിശശി.....തുടങ്ങിയവരൊക്കെയാണ് പ്രധാന പ്രവര്‍ത്തകര്‍ ‍.അക്കാലത്ത് വിദ്യാര്‍ത്ഥി സമരങ്ങളിലും സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളിലും ആര്‍‌ട്സ് കോളേജ് ആയിരുന്നു മുന്‍പന്തിയില്‍ . ചിത്രപ്രദര്‍ശനങ്ങള്‍ ‍,കടമ്മനിട്ട, ചുള്ളിക്കാട്, ജോണ്‍ എബ്രഹാം, സുരാസു, എ.അയ്യപ്പന്‍,ടി.ഗുഹന്‍ , മധുമാസ്റ്റര്‍ ,ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ ‍,സമരങ്ങള്‍ ‍, നാടകങ്ങള്‍ ‍ ,ചൊല്‍ക്കാഴ്ചകള്‍ ‍............ എല്ലാത്തിനും ധാര്‍മ്മിക പിന്തുണയുമായി ഞങ്ങളുടെ പ്രിയ അദ്ധ്യാപകന്‍ എം. ഗംഗാധരന്‍ മാഷ്.
ആ ഒരു കാലത്തിലേക്കാണ് മുരളി വരുന്നത്. സംഗതി ചൊല്‍ക്കാഴ്ചയായിരുന്നു.
അക്കാലത്ത് കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ബ്രഹ്മപുത്രന്‍ എന്നൊരാള്‍ ഉണ്ടായിരുന്നു. കക്ഷി അവിടെ പഠിക്കുകയെന്നാണ് വെപ്പ്.
അയാള്‍ക്കു മുന്‍പും അയാളേടൊപ്പവും അയാള്‍ക്ക് ശേഷവും അവിടെപ്പഠിച്ചവര്‍ പലരും ഡോക്ടറായി നാടു നീങ്ങി. ബ്രഹ്മപുത്രന്‍ മാത്രം അവിടെ കുടുങ്ങി, പരീക്ഷയെഴുതി തോറ്റിട്ടല്ല, നിരവധി പേര്‍ക്ക് താങ്ങായും തണലായും ഒരു ബോധി വൃക്ഷമായി അയാള്‍ നിലകൊണ്ടു.
എ.അയ്യപ്പനായാലും, ജോണ്‍ എബ്രഹാമായാലും, എന്തിന് സുരാസുവായാല്‍പ്പോലും ബ്രഹ്മപുത്രന്‍റെ കരുണയില്‍ ദിവസങ്ങളല്ല, മാസങ്ങളോളം അവിടെക്കഴിയാം. കലയും സാഹിത്യവുമൊന്നുമില്ലാത്തവര്‍ക്കും,

മെഡിക്കല്‍ കോളേജില്‍ ചികിത്സാര്‍ത്ഥം വരുന്നവര്‍ക്കും ഇയാള്‍ തുണ. കേരള രാഷ്ടീയത്തില്‍ ഒരു പുതിയ നൈതികബോധമുണര്‍ത്തിയ മെഡിക്കല്‍ കോളജിലെ ജനകീയ വിചരണയുടെ പിന്നാമ്പുറ ശക്തികേന്ദ്രം ബ്രഹ്മപുത്രനും അയാളുടെ ജീവസ്സുറ്റ സംഘവുമാണെന്ന് ഏവര്‍ക്കുമറിയാം. ജനകീയ പ്രശ്നങ്ങളില്‍ മാത്രമല്ല,

കേരളത്തിനകത്തും പുറത്തുമുള്ള സാംസ്കാരിക രംഗത്തെ ഏത് പുതു ചലനത്തേയും മെഡിക്കല്‍ കോളേജ് കാമ്പസിന് പരിചയപ്പെടുത്തുന്ന, ഒരിക്കലും അരങ്ങില്‍ വരാതെ, എന്നാല്‍ എല്ലാറ്റിന്റേയും ചാലകശക്തിയായി ഈ മൌന ബുദ്ധന്‍ ഉണ്ടായിരുന്നു. ചരിത്രത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിനെ ബ്രഹ്മപുത്രന് മുന്‍‌പും ബ്രഹ്മപുത്രന് ശേഷവും എന്നാണ് വിലയിരുത്താറുള്ളത്.
ഒടുവില്‍ ഒറ്റയടിക്ക് പരീക്ഷ പാസ്സായി ഡോക്ടറായി പുറത്തുവന്നു. ഇപ്പോള്‍ പ്ലാച്ചിമടയിലെ കൊക്കകോള വിരുദ്ധ സമരത്തിന്‍റെ കൂടെ........(ബ്രഹ്മപുത്രന്‍ എഴുതിയാല്‍ തീരാത്ത ഒരു പുസ്തകമാണ്. അതിനാല്‍ തല്‍ക്കാലം ഇവിടെ നിര്‍ത്തുന്നു).


കേരളത്തിലെ സാംസ്കാരിക രംഗത്തുള്ള ഏത് പുതിയ ചലനത്തേയും മെഡിക്കല്‍ കോളജ് കാമ്പസ്സിലേക്കെത്തിക്കുന്ന ബ്രഹ്മപുത്ര കര്‍മ്മപരിപാടിയുടെ ഭാഗമായാണ് തിരുവനന്തപുരത്തുനിന്നും മുരളിയുടേയും സംഘത്തിന്‍റേയും ചൊല്‍ക്കാഴ്ച് കോഴിക്കോട്ട് വരുന്നത്. അക്കാലത്ത് ബ്രഹ്മപുത്രന്‍ കൊണ്ടുവരുന്ന ഇത്തരം പരിപാടികള്‍ ആര്‍‌ട്സ് കോളേജിലും അവതരിപ്പിക്കപ്പെടുമായിരുന്നു. ഒരുതരം കൊടുക്കല്‍ വാങ്ങല്‍ ; പക്ഷേ വാങ്ങല്‍ മാത്രമായിരുന്നു ഞങ്ങളുടെ പണി ; കൊടുക്കല്‍ വളരെ കുറവും.
അതിലൊന്നും ബ്രഹ്മപുത്രന് പ്രശനമില്ല. പത്തുപേരടങ്ങുന്ന ചൊല്‍ക്കാഴ്‌ച സംഘത്തിന് യാത്രാച്ചെലവ്, താമസം, ഭക്ഷണം എന്നിവ
മാത്രം മതിയായിരുന്നു. രണ്ടുദിവസങ്ങളിലായി മൂന്നിടങ്ങളില്‍ ചൊല്‍ക്കാഴ്ച നടത്തുവാനായിരുന്നു പദ്ധതി. താമസം, ഭക്ഷണം എന്നിവ മെഡിക്കല്‍ കോളേജ് സംഘം ഏറ്റെടുത്തു. ആര്‍‌ട്സ് കോളേജിലും കോഴിക്കോട് ട്രെയിനിങ്ങ് കോളേജിലും ഒരോ പരിപാടി വീതം ഞങ്ങളും ഏറ്റെടുത്തു.
(suresh)
ആര്‍‌ട്സ് കോളേജിലെ യൂനിയന്‍ ചെയര്‍മാന്‍ പി.എ.സുരേഷ് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ആളാണ്. സര്‍വ്വ സമ്മതനായ സഹൃദയന്‍ ‍. എന്തിനും ഏതിനും വിദ്യാര്‍ത്ഥികള്‍ക്ക് തുണ. പ്രത്യേകിച്ചും
പരീക്ഷയ്ക്ക് ഹാള്‍ ടിക്കറ്റ് ലഭിക്കണമെങ്കില്‍ സുരേഷ് വിചാരിക്കണം.കാരണം ദരിദ്രവാസികളായ ഞങ്ങളുടെ ഫീസ് അടയ്ക്കുവാന്‍ സുരേഷാണ് ശരണം.. ചൊല്‍ക്കാഴ്ചക്ക് 300 രൂപയാണ് കൊടുക്കേണ്ടത്. കോളേജ് യൂനിയനില്‍ ഭൂരിപക്ഷം എസ്.എഫ്.ഐ.ക്കാരായതിനാല്‍ യൂനിയന്‍ ഫണ്ട് പാസ്സാകാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നറിയാവുന്നതു കൊണ്ട് സ്വാഭാവികമായും ആ പണം സമ്പന്ന സഹൃദയന്‍ സ്വന്തം പോക്കറ്റില്‍ നിന്ന്‌ എടുത്തു തന്നു. ട്രെയ്‌നിംഗ് കോളേജ് ഓഡിറ്റോറിയം ബുക്ക് ചെയ്യുവാനായി നഗര പരിപാടി സംഘാടകനായ മധു മാഷിന് ഞങ്ങള്‍ 150 രൂപയും കൊടുത്തേല്‍പ്പിച്ചു.
പറഞ്ഞ സമയത്തു തന്നെ സഞ്ചികളും തൂക്കി മുരളിയും സംഘവും സിറ്റി ബസ്സില്‍ക്കയറി സ്ഥലത്തെത്തി. ആര്‍‌ട്സ് കോളേജിലെ മരത്തിനു ചുവട്ടില്‍ മുരളിയും സംഘവും ചൊല്‍ക്കാഴ്ച ഗംഭീര്മായി ചൊല്ലിയാടി. അയ്യപ്പ പണിക്കരുടെ ഇണ്ടനമ്മാവനും, കാവാല ത്തിന്റേയും കടമ്മനിട്ടയുടേയും കവിതകളും അരങ്ങില്‍ നാടകീയമായി അവതരിപ്പിക്കപ്പെട്ടു. അവസാനമായി മുഖം എന്നൊരു കവിതയാണവതരിപ്പിച്ചത്. അപ്പോഴാണ് ഒരു ഗംഭീരന്‍ ക്ലൈമാക്സായി സുരാസു പ്രത്യക്ഷപ്പെടുന്നത്. അക്കാലത്ത് കാവിമുണ്ടും കണ്ണില്‍ ക്രോധവുമായി സുരാസു ഇങ്ങനെ പൊടുന്നനെ പ്രത്യക്ഷപ്പെടുകയാണ് പതിവ്. മുരളിയുടേയും സംഘത്തിന്റേയും ചൊല്‍ക്കാഴ്ചക്ക് ശേഷം തനിക്കൊരു മൊഴിയാട്ടം അവതരിപ്പിക്കാനുണ്ടെന്ന് സുരാസു പറഞ്ഞു. ആയ്ക്കോട്ടെയെന്ന് ഞങ്ങളും. സുരാസു തന്‍റെ കാവിപ്പുതപ്പ് അഴിച്ചു വെച്ച്, ഉടുത്ത കാവിമുണ്ട് തറ്റുകെട്ടി മൊഴിയാട്ടം തുടങ്ങി.കടമ്മനിട്ടയുടെ കിരാതപര്‍വ്വത്തിലെ കാട്ടാളന്‍ നെഞ്ചത്തൊരു പന്തം കുത്തി അരങ്ങില്‍ ഉറഞ്ഞുതുള്ളി. മുരളിയും സംഘവും പ്രേക്ഷകരോടൊപ്പ മിരുന്ന് മൊഴിയാട്ടം കണ്ടു. അരങ്ങിലെ കാട്ടാളന്‍റെ കലാപം കഴിഞ്ഞ് കാട്ടാളന്‍ സുരാസുവിലേക്ക് തിരിച്ചുവന്നു. നിലത്ത് ചമ്രം പടിഞ്ഞിരുന്ന് കാവി മേല്‍മുണ്ട് തറയില്‍ വിരിച്ച് സുരാസു തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ക്ലാസ്സിക്കലായി കഞ്ചാവ് ബീഡി തെറുക്കാന്‍ തുടങ്ങി.. സുരാസുവിന്‍റെ മൊഴിയാട്ടത്തേക്കാള്‍ ഗംഭീരമായി കുട്ടികള്‍ ആസ്വദിച്ചത് ഈ ക്ലാസ്സിക്കല്‍ കലയായ കഞ്ചാവ് ബീഡി തെറുപ്പായിരുന്നു


(പ്രേംചന്ദ്)
ഏതായാലും ചൊല്‍ക്കാഴ്ച സംഘത്തിന് പാതിപണം കൊടുത്ത് ബാക്കി ട്രെയിനിംഗ് കോളേജില്‍ പരിപാടി കഴിയുമ്പോള്‍ തരാമെന്ന് പറഞ്ഞ് ഞാനും പ്രേംചന്ദും അവരെ ബസ്സ് കയറ്റിവിട്ടു. സുരാസുവിനെ ആരാധകരിലാരോ ഏറ്റെടുത്തു. ഞങ്ങള്‍ നഗരത്തിലെ ട്രെയിനിംഗ് കോളേജിലേക്ക് മറ്റൊരു ബസ്സില്‍ പറന്നു. ട്രെയിനിംഗ് കോളേജിന്റെ പരിസരത്ത് പവിത്രന്‍ വരഞ്ഞുകൊടുത്ത
കുറെ പോസ്റ്ററുകളുമായി സംഘാടകനായ മധു മാസ്റ്റര്‍ ‍.. ദിനപത്രത്തിലെ ഇന്നത്തെ പരിപാടി വായിച്ച് ചൊല്‍ക്കാഴ്ച കാണുവാനെത്തിയ കുറച്ചുപേരും അങ്ങിങ്ങായി നില്‍പ്പുണ്ട്.
ഞങ്ങള്‍ ചോദിച്ചു
"അല്ല മാഷെ, ഇതെന്താ പബ്ളിസിറ്റിയൊന്നും കൊടുത്തില്ലേ? "

മാഷ് കൈമലര്‍ത്തി " അതിന് ട്രെയിനിംഗ് കോളേജ് ഓഡിറ്റോറിയം കിട്ടിയിട്ടു വേണ്ടെ? എതോ നക്സലൈറ്റ് പരിപാടിയാണെന്ന് പറഞ്ഞ് പ്രിന്‍സിപ്പാള്‍ ഹാള്‍ തന്നില്ല."
" ഇനിയെന്ത് ? ചൊല്‍ക്കാഴ്ച സംഘം ഇപ്പോഴെത്തും.. പരിപാടി ക്യാന്‍സല്‍ ചെയ്തവിവരം പറയുകയും വേണം ബാക്കിയുള്ള 150 രൂപ കൊടുക്കുകയും വേണം"...ഒരു വഴിയേയുള്ളൂ അവരോട് കാര്യം പറഞ്ഞ് മനസ്സിലാക്കിക്കുക.
അക്കാര്യം മധു മാഷ് തന്നെ ഏറ്റെടുത്തു.
നിരവധി പരിപാടികള്‍ കോഴിക്കോട്ടങ്ങാടിയില്‍ നടത്തുകയും അതിലേറെ പരിപാടികള്‍ നടത്താതിക്കുകയും ചെയ്ത അനുഭവസമ്പത്തുള്ളയാളാണല്ലോ മധു മാഷ്. സംഗതി മാഷ് ഏറ്റു. ഇത്തരം കാര്യങ്ങളില്‍ മാഷിന്റെ ശിഷ്യത്വം സ്വീകരിച്ചവരായ ഞങ്ങള്‍ തടി രക്ഷപ്പെടുത്തി സ്ഥലം വിടുകയും ചെയ്തു.
എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. പരിപാടി നടത്താനായി വരുന്നവരേയും അത് കാണുവാനായി വരുന്നവരേയും ഒരു പോലെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി കയ്യില്‍ക്കരുതിയ പോസ്റ്ററുകള്‍ ട്രെയിനിംഗ് കോളേജ് പരിസരത്ത് പതിച്ച് മൂപ്പര്‍ സ്ഥലം വിട്ടു.
പ്രശ്നം കാലേക്കൂട്ടി കണ്ട്, പരിപാടി നടക്കുകയാണെങ്കില്‍ ഒട്ടിക്കാനുള്ള പോസ്റ്ററുകള്‍ക്കൊപ്പം, നടക്കാതിരുന്നാല്‍ ഒട്ടിക്കാനുള്ള പോസ്റ്ററുകളും മാഷ് പവിത്രനെക്കൊണ്ട് വരപ്പിച്ചിരുന്നുവെന്ന് പിന്നീട് പവി പറഞ്ഞാണ് ഞങ്ങളറിഞ്ഞത്.

പോസ്റ്റര്‍ ഇപ്രകാരമായിരുന്നു. പരിപാടി നടത്തുവാന്‍ ഹാള്‍ കിട്ടാതിരുന്നത് മൂലം ഇന്നത്തെ ചൊല്‍ക്കാഴ്ച നടക്കുന്നതല്ല. കൂടുതല്‍ വിവരത്തിന് കൂടുതല്‍ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെടേണ്ടതാണ്.


പോസ്റ്ററിലെ ആദ്യവാചകം പ്രേക്ഷകനും രണ്ടാമത്തെ വാചകം ചൊല്‍ക്കാഴ്ച സംഘത്തിനുമുള്ളതാണ്.

കോഴിക്കോടന്‍ ഭാഷയില്‍ പറഞ്ഞാല്‍ തിരിയണ്ടവന് തിരിയും അല്ലാത്തവന്‍ നട്ടംതിരിയും.
സംഗതി മനസ്സിലായതു കൊണ്ട് മുരളിയും സംഘവും ലഭിക്കാനുള്ള 150 രൂപയുമുപേക്ഷിച്ച്

ബ്രഹ്മസ്ഥാനത്തേക്ക് (ബ്രഹ്മപുത്രസവിധത്തിലേക്ക്- മെഡിക്കല്‍ കോളജ് ഹോസ്റ്റലിലേക്ക്) തന്നെ മടങ്ങിപ്പോയി.
വര്‍ഷങ്ങള്‍ക്ക് ശേഷം അതേ ആര്‍ട്സ് കോളേജില്‍ സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഒരു ടെലിവിഷന്‍ പരമ്പരയില്‍ ഞാനും മുരളിയും ഒന്നിച്ചഭിനയിക്കാനിടയായി. പഴയ ചൊല്‍ക്കാഴ്ചയുടെ ഓര്‍മ്മ പങ്കുവെച്ചപ്പോള്‍ ഞാന്‍ അന്നത്തെ നൂറ്റമ്പത് രൂപയുടെ കഥ പറഞ്ഞു. മറുപടി: 'ങ്ഹാ, നിങളൊക്കെ കോളജ് പിള്ളാരായിരുന്നില്ലേ , എവിടന്ന് കാശുണ്ടാവാനാണ്?
ട്രെയിനിംഗ് കോളേജിലെ പരിപാടി അലമ്പിയതാണ് മോശമായിപ്പോയത്...'
മുരളി സിനിമയില്‍ സജീവമായി.
ഭരതന്‍റെ വെങ്കലം സിനിമയുടെ ലൊക്കേഷനില്‍ പടത്തിന്‍റെ സഹസംവിധായകനായ എന്‍റെ സുഹൃത്ത് കരീമിനെ കാണുവാനായി പോയപ്പോള്‍ മുരളിയെ കണ്ടു, പഴയ ചൊല്‍ക്കാഴ്ചയും നൂറ്റമ്പതിന്‍റെ കടവും പറഞ്ഞു രസിച്ചു പിന്നീട് എന്‍ ‍.കെ.രവീന്ദ്രനുമൊത്ത് തിരുവന്തപുരത്തെ വീട്ടില്‍വെച്ചു കണ്ടപ്പോഴും ഈ കഥ പങ്കുവെച്ചു. പിന്നിടും മുരളിയെ കണ്ടു. ഗര്‍ഷോം സിനിമയുടെ നിര്‍മ്മാണ പങ്കാളിയായിരുന്ന യാക്കൂബുമൊത്ത്. ഒരിടയ്ക്ക് പരിചയമായ ഒരു ദുബായി സുഹൃത്ത് പറഞ്ഞ പ്രകാരം മുരളിയുടെ ലങ്കാലക്ഷ്മി നാടകം ഗള്‍ഫില്‍ അവതരിപ്പിക്കുവാന്‍ പദ്ധതിയായി. വിവിധ സ്ഥലങളില്‍ പത്ത് സ്‌റ്റേജ് ചെയ്യാമെന്നാണ് മുരളി ഏറ്റത്. പ്രതിഫലത്തിന്റെ കാര്യമാണ് അദ്ഭുതകരമായത്. അതായത്, മുരളിക്ക് പ്രതിഫലം വേണ്ട; തന്നോടൊപ്പം സഹകരിക്കുന്ന പക്കമേളക്കാര്‍ക്കും മറ്റും നാട്ടില്‍ അവര്‍ക്ക് കിട്ടുന്നതെത്രയോ അതുമതി.
സിനിമയില്‍ തിരക്കുള്ള സമയമാണെന്നോര്‍ക്കണം, നാടകത്തിന് വേണ്ടി പത്തു പതിനഞ്ച് ദിവസം മാറി നില്‍ക്കാനാകുമോ എന്ന് ചോദിച്ചപ്പോള്‍ അതൊക്കെ മാറ്റിവെക്കാം എന്ന് നിസ്സാരമായി പറയാന്‍ മുരളിക്കേ കഴിയൂ... നിങ്ങള്‍ക്കൊന്നും പ്രതിഫലമായി വേണ്ടേ എന്ന ചോദ്യത്തിന്, നീയാ പഴയ നൂറ്റമ്പത് തന്നേക്ക് എന്നാണ് മുരളി പറഞ്ഞത്. നിര്‍ഭാഗ്യവശാള്‍ ദുബായി സുഹൃത്ത് വാക്ക് മാറുകയും ആ പദ്ധതി നടക്കാതെയും പോയി...ആ കടം അപ്പോഴും ബാക്കി നിന്നു..
ഒടുവില്‍ ദുബായില്‍ കൂത്തമ്പലം എന്ന നാടക സ്കൂളിന്‍റെ ഉദ്ഘാടനത്തിന് വന്നപ്പോഴും എഴുതിത്തള്ളാത്ത ആ നൂറ്റമ്പത് രൂപയുടെ കടക്കഥ പറഞ്ഞാണ് ഞങ്ങള്‍ ചരിത്രത്തെ തിരിച്ചു പിടിച്ചത്. അപ്പോഴെല്ലാം മുരളി ചോദിക്കുന്ന ഒരു പേരാണ് ബ്രഹ്മപുത്രന്‍ ‍.നിര്‍മ്മാതാവിനെ മറക്കുന്ന താരങ്ങള്‍ക്കിടക്ക് പതിറ്റാണ്ടുകള്‍ക്കപ്പുറം നടത്തിയ ചൊല്‍ക്കാഴ്ചയുടെ സംഘാടകനെ ഓര്‍ക്കുന്ന,സിനി മയുടെ പ്രലോഭനീയമായ സുഖങ്ങളില്‍ എന്നാല്‍ ഒരു നാടകം അഭിനയിച്ചുകളയാം എന്നുകരുതുന്ന താരപ്രഭുക്കള്‍ക്കിടയില്‍ നിന്നും ഭൂമിയിലേക്കിറങ്ങിവന്ന്, വെറും തറയില്‍ , പ്രതിഫലത്തിനു വേണ്ടിയല്ലാതെ, ലങ്കാദഹനം
കണ്ട് കരളുറഞ്ഞ് "ഈ രാവണന്റെ ജീവിതം ഒരു പാഴ്ക്കിനാവായിരുന്നോ " എന്ന് രാവണ നടനം നടത്തുവാന്‍ മുരളിക്കേ സാധിക്കൂ. വിപ്ലവം പറയുകയും തലയില്‍ മുണ്ടിട്ട് ക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്യുന്ന കാപട്യക്കാര്‍ക്കിടയില്‍ ഇടത് പക്ഷത്തോടൊപ്പം നില്‍ക്കുകയും തലയുയര്‍ത്തിത്തന്നെ മൂകാംബികയില്‍ പോയി ദര്‍ശനം നടത്തുകയും ചെയ്യാനുള്ള ചങ്കുറപ്പാണ് മലയാള സാംസ്കാരിക ഭൂമികയില്‍ നിന്നും മറഞ്ഞു പോയത്.
അങ്ങനെ വീട്ടാന്‍ കഴിയാത്ത ഒരു കടം കൂടി എന്റെ ഹൃദയത്തിലവശേഷിപ്പിച്ച്
ഒരു ചൊല്ലിയാട്ടം പോലെ മുരളി കടന്നുപോയി.
അവശേഷിക്കുന്നത് അന്നത്തെ ചൊല്‍ക്കാഴ്ചയില്‍ മുരളി ചൊല്ലിയാടിയ
മുഖം എന്ന കവിതയിലെ ഈ വരികള്‍ :
ഇതൊരു മുഖം
അതൊരു മുഖം
അവിടെയൊരു മുഖം
ഇവിടെയൊരു മുഖം
അങ്ങനെയൊരു മുഖം
ഇങ്ങനെയുമൊരു മുഖം
ഇതിലേതാണെന്‍റെ മുഖം?